Monday 29 June 2015

ഒന്നാം ക്ലാസ്സിലെ ഞാൻ :P

ഞാൻ താമസിക്കുന്ന കോണ്‍വെന്റ് ഹോസ്റ്റലിനോട്  ചേർന്ന് തന്നെ ഒരു പ്ലേ സ്കൂൾ ഉണ്ട്. ജൂണ്‍ ജൂലൈ മാസങ്ങളിൽ ഈ പ്ലേ സ്കൂളിൽ പുതിയതായി ചേർന്ന കുട്ടികളുടെ കരച്ചിലായിരിക്കും പകൽ മുഴുവനും. 

ഇന്ന് കണ്ട ഒരു കാഴ്ച... തൻറെ കുട്ടിയെ സ്കൂളിൽ ആക്കാൻ വന്ന ഒരമ്മ, വീട്ടിലേക്കു തിരിച്ചു പോകാതെ മകൻ കാണാത്ത രീതിയിൽ മതിലിന്റെ അരികിൽ ഒളിച്ചു നില്ക്കുകയിരുന്നു. മകൻ അമ്മയെ കാണാതെ അലമുറയിട്ടു കരയുന്നത് കേട്ട് അമ്മയും കരച്ചിൽ അടക്കാൻ വയ്യാതെ ഒഴുകിയിറങ്ങിയ കണ്ണുനീര് തുടക്കുന്നുണ്ടായിരുന്നു.

ഇത് കണ്ടപ്പോൾ ഞാനും പണ്ട് ഇങ്ങനെ ആയിരുന്നല്ലോ എന്ന് ആലോചിച്ചു ചെറിയ ഒരു ചിരി വന്നു..അയ്യോ ..ഒരു പുഞ്ചിരി ആണേ... ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ എന്നും  അച്ഛൻ  കൊണ്ട് പോയി ആക്കണമായിരുന്നു സ്കൂളിൽ. സ്കൂളിന്റെ പടിക്കൽ എത്തുമ്പോഴേക്കും പിന്നിലേക്ക്‌ പതിയെ വലിഞ്ഞു തുടങ്ങും.   ക്ലാസ്സിന്റെ വാതിൽക്കൽ എന്നെ അച്ഛൻറെ കയ്യിൽ നിന്നും  വലിച്ചെടുക്കാൻ തയ്യാറായി ടീച്ചർ നിൽപ്പുണ്ടാവും. പിന്നെ പിടീം വലീം ആണ്.  എന്റെ ഒരു കയ്യിൽ പിടിച്ചു ടീച്ചർ എന്നെ  ക്ലാസ്സിനകത്തേക്കു വലിക്കുമ്പോൾ  മറ്റേ കൈ കൊണ്ട് ഞാൻ  അഛനെ മുറുകെ പിടിച്ചിരിക്കും.

 കുറെ നേരത്തെ ശ്രമത്തിനു ശേഷം ഞാൻ ക്ലാസ്സിനകത്തും അഛൻ പുറത്തും ആകും.  പക്ഷെ അപ്പോഴും ഒരു ഡീൽ ഉണ്ട്. സ്കൂൾ വിടുന്നത് വരെ അച്ഛൻ സ്കൂൾ ഗ്രൌണ്ടിലുള്ള മാവിൻറെ ചുവട്ടിൽ നിൽക്കണം. ഒന്നോ രണ്ടോ പീരീഡ്‌ കഴിയുന്ന വരെ ഒക്കെ അച്ഛൻ നിലക്കുമായിരുന്നു. പിന്നെ എന്റെ കണ്ണ് വെട്ടിച്ചു ഓഫീസില പോകും. പിന്നെ എൻറെ വക വീണ്ടും കലാപരിപാടി ആണ്..അങ്ങനെ എത്ര ദിവസങ്ങൾ.. മഴയുള്ള ദിവസങ്ങളിൽ പോലും  ആ മാവിന്റെ ചുവട്ടിൽ അച്ഛൻ നിൽക്കുമായിരുന്നു. 

No comments:

Post a Comment