Monday 29 June 2015

ഒന്നാം ക്ലാസ്സിലെ ഞാൻ :P

ഞാൻ താമസിക്കുന്ന കോണ്‍വെന്റ് ഹോസ്റ്റലിനോട്  ചേർന്ന് തന്നെ ഒരു പ്ലേ സ്കൂൾ ഉണ്ട്. ജൂണ്‍ ജൂലൈ മാസങ്ങളിൽ ഈ പ്ലേ സ്കൂളിൽ പുതിയതായി ചേർന്ന കുട്ടികളുടെ കരച്ചിലായിരിക്കും പകൽ മുഴുവനും. 

ഇന്ന് കണ്ട ഒരു കാഴ്ച... തൻറെ കുട്ടിയെ സ്കൂളിൽ ആക്കാൻ വന്ന ഒരമ്മ, വീട്ടിലേക്കു തിരിച്ചു പോകാതെ മകൻ കാണാത്ത രീതിയിൽ മതിലിന്റെ അരികിൽ ഒളിച്ചു നില്ക്കുകയിരുന്നു. മകൻ അമ്മയെ കാണാതെ അലമുറയിട്ടു കരയുന്നത് കേട്ട് അമ്മയും കരച്ചിൽ അടക്കാൻ വയ്യാതെ ഒഴുകിയിറങ്ങിയ കണ്ണുനീര് തുടക്കുന്നുണ്ടായിരുന്നു.

ഇത് കണ്ടപ്പോൾ ഞാനും പണ്ട് ഇങ്ങനെ ആയിരുന്നല്ലോ എന്ന് ആലോചിച്ചു ചെറിയ ഒരു ചിരി വന്നു..അയ്യോ ..ഒരു പുഞ്ചിരി ആണേ... ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ എന്നും  അച്ഛൻ  കൊണ്ട് പോയി ആക്കണമായിരുന്നു സ്കൂളിൽ. സ്കൂളിന്റെ പടിക്കൽ എത്തുമ്പോഴേക്കും പിന്നിലേക്ക്‌ പതിയെ വലിഞ്ഞു തുടങ്ങും.   ക്ലാസ്സിന്റെ വാതിൽക്കൽ എന്നെ അച്ഛൻറെ കയ്യിൽ നിന്നും  വലിച്ചെടുക്കാൻ തയ്യാറായി ടീച്ചർ നിൽപ്പുണ്ടാവും. പിന്നെ പിടീം വലീം ആണ്.  എന്റെ ഒരു കയ്യിൽ പിടിച്ചു ടീച്ചർ എന്നെ  ക്ലാസ്സിനകത്തേക്കു വലിക്കുമ്പോൾ  മറ്റേ കൈ കൊണ്ട് ഞാൻ  അഛനെ മുറുകെ പിടിച്ചിരിക്കും.

 കുറെ നേരത്തെ ശ്രമത്തിനു ശേഷം ഞാൻ ക്ലാസ്സിനകത്തും അഛൻ പുറത്തും ആകും.  പക്ഷെ അപ്പോഴും ഒരു ഡീൽ ഉണ്ട്. സ്കൂൾ വിടുന്നത് വരെ അച്ഛൻ സ്കൂൾ ഗ്രൌണ്ടിലുള്ള മാവിൻറെ ചുവട്ടിൽ നിൽക്കണം. ഒന്നോ രണ്ടോ പീരീഡ്‌ കഴിയുന്ന വരെ ഒക്കെ അച്ഛൻ നിലക്കുമായിരുന്നു. പിന്നെ എന്റെ കണ്ണ് വെട്ടിച്ചു ഓഫീസില പോകും. പിന്നെ എൻറെ വക വീണ്ടും കലാപരിപാടി ആണ്..അങ്ങനെ എത്ര ദിവസങ്ങൾ.. മഴയുള്ള ദിവസങ്ങളിൽ പോലും  ആ മാവിന്റെ ചുവട്ടിൽ അച്ഛൻ നിൽക്കുമായിരുന്നു. 

Sunday 28 June 2015

ഞാൻ തുടങ്ങട്ടെ...

കഴിഞ്ഞ വർഷം നടന്ന ചെന്നൈയിലേക്ക് നടന്ന എൻറെ പറിച്ചു നടലിൽ നിന്ന് തുടങ്ങാം..അതിനു മുമ്പുള്ള പല  കാര്യങ്ങളും പറയാനുണ്ടെങ്കിലും ഇപ്പോൾ എനിക്ക് പങ്കുവയ്ക്കാൻ തോന്നുന്നത് ചെന്നൈയിലെ എൻറെ ജീവിതമാണ്. 2014 മെയ്‌ മാസത്തിൽ ഹൈദരാബാദ് EFLU യിലെ ഇന്റർവ്യൂ കഴിഞ്ഞു മടങ്ങുമ്പോൾ ചെന്നൈയിൽ ഇറങ്ങി മദ്രാസ്‌ ക്രിസ്ത്യൻ കോളേജ് വെറുതെ ഒന്ന് ചുറ്റിയടിച്ചു കണ്ടതാണ്. അന്ന് പക്ഷെ അവധിയാൽ ആരുമില്ലാതെ ഒഴിഞ്ഞു കിടക്കുന്ന കാടുപിടിച്ച ഈ ക്യാമ്പസ്‌ കണ്ടു പേടിയാവുകയാണ് ചെയ്തത്. അന്നറിഞ്ഞില്ല. എൻറെ ജീവിതത്തിലെ അടുത്ത രണ്ടു വർഷം ഞാൻ ഇവിടെ ആയിരിക്കും എന്ന്. ഈ കാട് പിടിച്ച ക്യാമ്പസിൽ  തങ്ങളുടെ ജീവിതം ആഘോഷിച്ച, സ്വപ്‌നങ്ങൾ കണ്ട, പിന്നീട് പലവഴിക്ക് പിരിഞ്ഞുപോയ  പലരുടെയും പിൻഗാമിയായി ഞാനും ഈ മരങ്ങൾക്കിടയിലുടെ നടക്കുമെന്ന്.

എൻറെ ജീവിതത്തെ മദ്രാസ്‌ ക്രിസ്ത്യൻ കോളേജ് മാറ്റിമറിച്ചത് ഇവിടുത്തെ രണ്ടു വർഷം നീളുന്ന എം.എ പഠനം മാത്രമല്ല. ഈ കോളേജ് കാരണമാണ് ഞാൻ ചെന്നൈയിൽ എത്തിയത്. പുതിയ ഒരു നാടിനെയും നാട്ടുകാരെയും പരിചയപ്പെട്ടത്. ഈ കോളേജിൽ പഠിച്ചിറങ്ങിയ ഒരുപാടു പ്രമുഖരെ കാണാനും അവരുടെ ജീവിതം കേൾക്കാനും കിട്ടിയ അവസരങ്ങൾ... പ്രചോദനങ്ങൾ..അനുഭവങ്ങൾ ..ജീവിതം ഒന്നേ ഉള്ളുവെന്നും അത് വെറുതെ ജനിച്ചു മരിച്ചു കളയരുതെന്നുമുള്ള ചിന്തയ്ക്ക് ഏറിയ കടുപ്പം... ഇതെല്ലാം  എൻറെ ചെന്നൈ ജീവിതത്തിനു അവകാശപ്പെട്ടത്. 

ഒരു വ്യക്തിക്കുണ്ടാകുന്ന പലതരം കെട്ടുപാടുകളും ഇവിടെ ഇല്ലെന്നു തോന്നാം..എല്ലാവരും അലസമായി നടക്കുന്നു...പ്രത്യേകിച്ച് ടെൻഷൻ ഒന്നും ഇല്ല.. പക്ഷെ , സത്യത്തിൽ അലസന്മാരല്ല ഇവിടെ ആരും...എല്ലാവരും ജീവിതത്തെ പറ്റി വ്യക്തമായ ധാരണയുള്ളവർ..ജീവിതത്തിൽ എന്ത് ചെയ്യണമെന്നു സ്വന്തമായ് കാഴ്ചപ്പാടുള്ളവർ.. ഈ ചെറുപ്രായത്തിലും വലിയ കാര്യങ്ങൾ ചെയ്യുന്നവർ... ഇവിടെ പഠനം വെറുതെ പുസ്തകത്തിൽ നിന്നും വായിചു പഠിക്കൽ അല്ല... പഠനം ഒരു  പുസ്തകത്തിൽ തുടങ്ങി ഉത്തരക്കടലാസിൽ അവസാനിക്കുന്നുമില്ല...


എനിക്ക് പറയാനുള്ളത്...

21 വർഷം എന്ന ചുരുങ്ങിയ കാലയളവിൽ കണ്ടുമുട്ടിയ ചില ആൾക്കാരെപറ്റിയും കണ്ടറിഞ്ഞ കാര്യങ്ങളും പിന്നെ എൻറെ ഈ ചെറിയ തലക്കകത്തെ ചിന്തകളും ആണ് എനിക്ക് പറയാനുള്ളത്...