Sunday 12 July 2015

ഞാവൽപ്പഴത്തിന്റെ വിലയേ !!

ചെന്നൈയിലെ ഒരു സൂപ്പർ മാർക്കറ്റിൽ ഞാവൽപ്പഴം വിൽക്കാൻ വെച്ചിരിക്കുന്നു. 250 ഗ്രാമിനു 380 രൂപ വില. അപ്പോഴാണ് നാട്ടിൽ പറമ്പായ പറമ്പു മുഴുവൻ തെണ്ടി നടന്നു ഞാവൽപ്പഴം പറിച്ചു തിന്നിരുന്ന കാലം ഓർത്തത് . ഫ്രണ്ട്സിനോട് പറഞ്ഞപ്പോൾ അക്കൂട്ടത്തിൽ ഒരാൾ ഇത് വരെ ഞാവൽപ്പഴം കഴിച്ചിട്ടില്ല പോലും.

കുന്നംകുളത്തിനടുത്ത് ചാട്ടുകുളം എന്ന സ്ഥലത്തായിരുന്നു 13 വയസ്സ് വരെ വളർന്നത്. എന്റെ ലൈഫിലെ ഏറ്റവും നല്ല കാലം. കൂട്ടുകാരോടൊപ്പം അർമാദിച്ചിരുന്നു എന്ന് തന്നെ വേണം പറയാൻ. ഗുരുവായൂരിലെ ജീവിതം അത്രക്കങ്ങു ബോധിച്ചിട്ടില്ല, ഇപ്പോഴും. അലഞ്ഞു തിരിയാനും മരത്തിൽ കേറാനും ആരും കൂട്ടില്ല. സൈക്കിളിൽ കറങ്ങാനും ആരും ഇല്ല. തൊട്ടപ്പുറത്തെ വീട്ടിലെ ചെറിയ പയ്യന്‍, എന്താണെന്നറിയില്ല, എന്നെ കണ്ടാൽ ഉടനെ വീട്ടിനുള്ളിൽ എവിടെയെങ്കിലും ഓടിപ്പോയി ഒളിച്ചിരിക്കും. പിന്നെ ഉള്ള പിള്ളേരെല്ലാം മുട്ടിൽ ഇഴയുന്ന പ്രായം... വീട്ടില് കുറ്റിയടിച്ച് ഇരുന്നു വെറുപ്പായി എന്ന് തന്നെ പറയാം. എന്റെ ഹൈപെർ സെൻസിറ്റിവിറ്റിക്കു പറ്റിയതായിരുന്നില്ല ആ പറിച്ചു നടൽ.

ചാട്ടുകുളത്തെ വീടിനടുത്തു ഒരു പറ്റം  കൂട്ടുകാരുണ്ടായിരുന്നു. അതിൽ പകുതി പേർക്കും സൈക്കിളും ഉണ്ടായിരുന്നു. ആ ശകടത്തുമ്മേൽ കേറി നാട് മുഴുവൻ തെണ്ടുമായിരുന്നു. കാലത്ത് വീട്ടിൽ നിന്നിറങ്ങിയാൽ പിന്നെ ഊണ് കഴിക്കാൻ വരും. ആ വരവ് സത്യത്തിൽ ആരും അറിയില്ല. കാരണം അഞ്ചു മിനിറ്റിൽ ഊണ് കഴിച്ചു വീണ്ടും സൈക്കിൾ എടുത്തു പോകണം. പലപ്പോഴും ഊണ് കഴിക്കാൻ നേരത്തിനു എത്തില്ല. ഗേറ്റ് ലോക്ക് ചെയ്തിട്ടുണ്ടെൽ അത് ചാടി കടന്നു വേണം വന്നു ഊണ് കഴിക്കാൻ. ഗേറ്റ് ചാടിക്കടന്നു തന്നെ തിരിച്ചു പോകും. പിന്നീടു സന്ധ്യക്ക്‌ നോക്കിയാൽ മതി.

ഒപ്പമുള്ള ശിങ്കിടികളിൽ പ്രശസ്ത എഴുത്തുകാരൻ സി.വി.ശ്രീരാമൻറെ പേരക്കുട്ടികൾ വരെ ഉണ്ട്. ഊരുതെണ്ടൽ കഴിഞ്ഞാൽ കല്ലുകളിയും ഞാവൽപ്പഴം തീറ്റയും തന്നെ ആണ് മെയിൻ പരിപാടി. ഞാവൽപ്പഴം പറിക്കാൻ തക്ക ഉയരത്തിൽ കയറാൻ പേടിയായത്‌ കൊണ്ട് ആ പണി ആണ്‍കുട്ടികളുടെതാണ്. അവർ പറിച്ചു താഴെക്കിടുന്ന  പഴങ്ങൾ പെറുക്കാൻ പെണ്‍കുട്ടികൾ താഴെ നിൽക്കും. എല്ലാം പറിച്ചു കഴിഞ്ഞാൽ പിന്നെ പഴങ്ങൾ കുറച്ചു നേരം ഉപ്പുവെള്ളത്തിൽ ഇട്ട് വെക്കും. പഴങ്ങൾ ആ ഉപ്പു പതിയെ വലിച്ചെടുക്കും. അത് വരെയുള്ള കാത്തിരുപ്പാണ് ഏറ്റവും പ്രയാസം. വെള്ളമിറക്കി വായിൽ ഉമിനീരില്ലാത്ത അവസ്ഥയാകും. ഒരു അര മണിക്കൂർ കഴിഞ്ഞാൽ പിന്നെ എല്ലാരും കൂടെ ഞാവല്പ്പഴത്തിൻറെ പാത്രത്തിൽ കയ്യിട്ടു വാരലാണ്. പങ്കു വെക്കാനോ, ആർക്കു എത്രയെണ്ണം കിട്ടി എന്ന് നോക്കാനോ നേരമില്ല... കിട്ടിയതു വായിൽ നിറച്ചു, ബാക്കി രണ്ടു കയ്യിലും മുറുക്കിപ്പിടിച്ചു ഒറ്റ ഓട്ടമാണ്. അല്ലേൽ വേറെ ആരെങ്കിലും വന്നു തട്ടിപ്പറിച്ചു തിന്നും.

ഒന്നിനെപ്പറ്റിയും ആവലാതിയില്ലാതെ, ആണ്‍-പെണ്‍ തിരിവില്ലാതെ, ആസ്വദിച്ച കാലം. സൂപ്പർ മാർക്കറ്റിൽ ഞാവൽപ്പഴത്തിനു വിലയിട്ടത് എങ്ങനെയാണെന്നറിയില്ല. പക്ഷെ, പണ്ട് മത്സരിച്ചു കഴിച്ചിരുന്ന, ചവർപ്പും ഉപ്പും കലർന്ന രുചിയുള്ള ഞാവൽപ്പഴത്തിനുള്ളത് എന്റെ ഈ നല്ല ഓർമ്മകളുടെയും ഒരിക്കലും തിരിച്ചു കിട്ടാത്ത കാലത്തിൻറെയും വിലയാണ്.


Thursday 2 July 2015

പാതിരാത്രിയിൽ ഒരു നൊസ്റ്റാൾജിയ...

ഹൊസ്റ്റെലിലെ സുഹൃത്തിനു അസ്സൈന്മെന്റ് എഴുതാനുള്ള പേപ്പറിൽ ബോർഡർ വരച്ചു കൊടുക്കുകയായിരുന്നു. എന്നാൽ സ്കെച് പെന്നിന്റെ മഷി തീര്ന്നു. എത്ര അമർത്തി വരച്ചിട്ടും ഒരു രക്ഷയുമില്ല. പിന്നെ നമ്മൾ പണ്ട് സ്കൂളിൽ പഠിക്കുമ്പോഴത്തെ പതിനെട്ടാം പണി എടുത്തു..സ്കെച് പെന്നിനകത്ത് മഷി സൂക്ഷിക്കുന്ന സ്പോണ്ജിന്റെ ഒരറ്റത്ത് വെള്ളം തുലിയായി ഒഴിയ്ക്കുക...പെട്ടെന്ന് എനിക്കും സുഹൃത്തിനും വല്ലാത്ത നൊസ്റ്റാൾജിയ.. ഇത്തരം  കുറുക്കുവഴികൾ ഉപയോഗിച്ചിരുന്ന ആ കുട്ടിക്കാലം... ഒടിഞ്ഞ പെൻസിൽ മുനകളും...റബ്ബർ കൊണ്ട് മായിച്ചു വൃത്തികേടാക്കിയ പുസ്തകത്താളുകളും... 

Monday 29 June 2015

ഒന്നാം ക്ലാസ്സിലെ ഞാൻ :P

ഞാൻ താമസിക്കുന്ന കോണ്‍വെന്റ് ഹോസ്റ്റലിനോട്  ചേർന്ന് തന്നെ ഒരു പ്ലേ സ്കൂൾ ഉണ്ട്. ജൂണ്‍ ജൂലൈ മാസങ്ങളിൽ ഈ പ്ലേ സ്കൂളിൽ പുതിയതായി ചേർന്ന കുട്ടികളുടെ കരച്ചിലായിരിക്കും പകൽ മുഴുവനും. 

ഇന്ന് കണ്ട ഒരു കാഴ്ച... തൻറെ കുട്ടിയെ സ്കൂളിൽ ആക്കാൻ വന്ന ഒരമ്മ, വീട്ടിലേക്കു തിരിച്ചു പോകാതെ മകൻ കാണാത്ത രീതിയിൽ മതിലിന്റെ അരികിൽ ഒളിച്ചു നില്ക്കുകയിരുന്നു. മകൻ അമ്മയെ കാണാതെ അലമുറയിട്ടു കരയുന്നത് കേട്ട് അമ്മയും കരച്ചിൽ അടക്കാൻ വയ്യാതെ ഒഴുകിയിറങ്ങിയ കണ്ണുനീര് തുടക്കുന്നുണ്ടായിരുന്നു.

ഇത് കണ്ടപ്പോൾ ഞാനും പണ്ട് ഇങ്ങനെ ആയിരുന്നല്ലോ എന്ന് ആലോചിച്ചു ചെറിയ ഒരു ചിരി വന്നു..അയ്യോ ..ഒരു പുഞ്ചിരി ആണേ... ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ എന്നും  അച്ഛൻ  കൊണ്ട് പോയി ആക്കണമായിരുന്നു സ്കൂളിൽ. സ്കൂളിന്റെ പടിക്കൽ എത്തുമ്പോഴേക്കും പിന്നിലേക്ക്‌ പതിയെ വലിഞ്ഞു തുടങ്ങും.   ക്ലാസ്സിന്റെ വാതിൽക്കൽ എന്നെ അച്ഛൻറെ കയ്യിൽ നിന്നും  വലിച്ചെടുക്കാൻ തയ്യാറായി ടീച്ചർ നിൽപ്പുണ്ടാവും. പിന്നെ പിടീം വലീം ആണ്.  എന്റെ ഒരു കയ്യിൽ പിടിച്ചു ടീച്ചർ എന്നെ  ക്ലാസ്സിനകത്തേക്കു വലിക്കുമ്പോൾ  മറ്റേ കൈ കൊണ്ട് ഞാൻ  അഛനെ മുറുകെ പിടിച്ചിരിക്കും.

 കുറെ നേരത്തെ ശ്രമത്തിനു ശേഷം ഞാൻ ക്ലാസ്സിനകത്തും അഛൻ പുറത്തും ആകും.  പക്ഷെ അപ്പോഴും ഒരു ഡീൽ ഉണ്ട്. സ്കൂൾ വിടുന്നത് വരെ അച്ഛൻ സ്കൂൾ ഗ്രൌണ്ടിലുള്ള മാവിൻറെ ചുവട്ടിൽ നിൽക്കണം. ഒന്നോ രണ്ടോ പീരീഡ്‌ കഴിയുന്ന വരെ ഒക്കെ അച്ഛൻ നിലക്കുമായിരുന്നു. പിന്നെ എന്റെ കണ്ണ് വെട്ടിച്ചു ഓഫീസില പോകും. പിന്നെ എൻറെ വക വീണ്ടും കലാപരിപാടി ആണ്..അങ്ങനെ എത്ര ദിവസങ്ങൾ.. മഴയുള്ള ദിവസങ്ങളിൽ പോലും  ആ മാവിന്റെ ചുവട്ടിൽ അച്ഛൻ നിൽക്കുമായിരുന്നു. 

Sunday 28 June 2015

ഞാൻ തുടങ്ങട്ടെ...

കഴിഞ്ഞ വർഷം നടന്ന ചെന്നൈയിലേക്ക് നടന്ന എൻറെ പറിച്ചു നടലിൽ നിന്ന് തുടങ്ങാം..അതിനു മുമ്പുള്ള പല  കാര്യങ്ങളും പറയാനുണ്ടെങ്കിലും ഇപ്പോൾ എനിക്ക് പങ്കുവയ്ക്കാൻ തോന്നുന്നത് ചെന്നൈയിലെ എൻറെ ജീവിതമാണ്. 2014 മെയ്‌ മാസത്തിൽ ഹൈദരാബാദ് EFLU യിലെ ഇന്റർവ്യൂ കഴിഞ്ഞു മടങ്ങുമ്പോൾ ചെന്നൈയിൽ ഇറങ്ങി മദ്രാസ്‌ ക്രിസ്ത്യൻ കോളേജ് വെറുതെ ഒന്ന് ചുറ്റിയടിച്ചു കണ്ടതാണ്. അന്ന് പക്ഷെ അവധിയാൽ ആരുമില്ലാതെ ഒഴിഞ്ഞു കിടക്കുന്ന കാടുപിടിച്ച ഈ ക്യാമ്പസ്‌ കണ്ടു പേടിയാവുകയാണ് ചെയ്തത്. അന്നറിഞ്ഞില്ല. എൻറെ ജീവിതത്തിലെ അടുത്ത രണ്ടു വർഷം ഞാൻ ഇവിടെ ആയിരിക്കും എന്ന്. ഈ കാട് പിടിച്ച ക്യാമ്പസിൽ  തങ്ങളുടെ ജീവിതം ആഘോഷിച്ച, സ്വപ്‌നങ്ങൾ കണ്ട, പിന്നീട് പലവഴിക്ക് പിരിഞ്ഞുപോയ  പലരുടെയും പിൻഗാമിയായി ഞാനും ഈ മരങ്ങൾക്കിടയിലുടെ നടക്കുമെന്ന്.

എൻറെ ജീവിതത്തെ മദ്രാസ്‌ ക്രിസ്ത്യൻ കോളേജ് മാറ്റിമറിച്ചത് ഇവിടുത്തെ രണ്ടു വർഷം നീളുന്ന എം.എ പഠനം മാത്രമല്ല. ഈ കോളേജ് കാരണമാണ് ഞാൻ ചെന്നൈയിൽ എത്തിയത്. പുതിയ ഒരു നാടിനെയും നാട്ടുകാരെയും പരിചയപ്പെട്ടത്. ഈ കോളേജിൽ പഠിച്ചിറങ്ങിയ ഒരുപാടു പ്രമുഖരെ കാണാനും അവരുടെ ജീവിതം കേൾക്കാനും കിട്ടിയ അവസരങ്ങൾ... പ്രചോദനങ്ങൾ..അനുഭവങ്ങൾ ..ജീവിതം ഒന്നേ ഉള്ളുവെന്നും അത് വെറുതെ ജനിച്ചു മരിച്ചു കളയരുതെന്നുമുള്ള ചിന്തയ്ക്ക് ഏറിയ കടുപ്പം... ഇതെല്ലാം  എൻറെ ചെന്നൈ ജീവിതത്തിനു അവകാശപ്പെട്ടത്. 

ഒരു വ്യക്തിക്കുണ്ടാകുന്ന പലതരം കെട്ടുപാടുകളും ഇവിടെ ഇല്ലെന്നു തോന്നാം..എല്ലാവരും അലസമായി നടക്കുന്നു...പ്രത്യേകിച്ച് ടെൻഷൻ ഒന്നും ഇല്ല.. പക്ഷെ , സത്യത്തിൽ അലസന്മാരല്ല ഇവിടെ ആരും...എല്ലാവരും ജീവിതത്തെ പറ്റി വ്യക്തമായ ധാരണയുള്ളവർ..ജീവിതത്തിൽ എന്ത് ചെയ്യണമെന്നു സ്വന്തമായ് കാഴ്ചപ്പാടുള്ളവർ.. ഈ ചെറുപ്രായത്തിലും വലിയ കാര്യങ്ങൾ ചെയ്യുന്നവർ... ഇവിടെ പഠനം വെറുതെ പുസ്തകത്തിൽ നിന്നും വായിചു പഠിക്കൽ അല്ല... പഠനം ഒരു  പുസ്തകത്തിൽ തുടങ്ങി ഉത്തരക്കടലാസിൽ അവസാനിക്കുന്നുമില്ല...


എനിക്ക് പറയാനുള്ളത്...

21 വർഷം എന്ന ചുരുങ്ങിയ കാലയളവിൽ കണ്ടുമുട്ടിയ ചില ആൾക്കാരെപറ്റിയും കണ്ടറിഞ്ഞ കാര്യങ്ങളും പിന്നെ എൻറെ ഈ ചെറിയ തലക്കകത്തെ ചിന്തകളും ആണ് എനിക്ക് പറയാനുള്ളത്...