Monday 4 July 2016

വേളാങ്കണ്ണിയിലേക്കൊരു യാത്ര

ഇക്കഴിഞ്ഞ ജൂൺ 25ന് വേളാങ്കണ്ണിയിൽ പോയി. ഒരുപാട് ആരാധനാലയങ്ങളിൽ പോയിട്ടുണ്ടെങ്കിലും, വേളാങ്കണ്ണി പോലെ ഏതു സമയവും പ്രാർത്ഥനയും പോസിറ്റീവ് ഊർജ്ജവും നിറഞ്ഞുനിൽക്കുന്ന ഒരു സ്ഥലം ഞാൻ കണ്ടിട്ടില്ല. എത്ര തിരക്കുണ്ടെങ്കിലും അത് അറിയില്ല. എല്ലാവരും സ്വയം അച്ചടക്കം പാലിക്കുന്ന സ്ഥലം. ആർക്കും എത്ര  വേണമെങ്കിലും ഇരുന്നു പ്രാർത്ഥിക്കാം. ആരും തിക്കാനും തിരക്കാനും ഇല്ലാത്തതു  കൊണ്ടു തന്നെ, തിരക്കു നിയന്ത്രിക്കാൻ ആൾക്കാരോ അവരുടെ ബഹളമോ ഇല്ല. 

സാധാരണ ആരാധനാലയങ്ങളിൽ  തിക്കും തിരക്കും  ബഹളവും കാപട്യവും  കാരണം  പെട്ടെന്ന്  തിരിച്ചു പോരാൻ ആണ് തോന്നാറ്. എന്നാൽ ഇവിടെ നിന്നു തിരിച്ചു പോരാൻ  തോന്നുന്നേ ഉണ്ടായിരുന്നില്ല. 

അവിടെ അഞ്ചോ ആരോ പള്ളികൾ ഉണ്ട്. അതിൽ മാതാവിന്റെ തീർത്ഥകിണർ ഉള്ള പള്ളിയിലേക്ക് ഏകദേശം ഒന്നര  കിലോമീറ്റർ ദൂരം മുട്ടിൽ ഇഴഞ്ഞു പോകുന്ന വഴിപാടുണ്ട്. അങ്ങോട്ടു പോകുന്നതിനു മുൻപ് തന്നെ ഇതിനെ കുറിച്ചു എനിക്കു അറിയാമായിരുന്നു. ഞങ്ങൾ പ്രഭാത ഭക്ഷണം കഴിച്ച ഹോട്ടലിലെ റിസപ്ഷനിലെ ആളോട് ഞാൻ ഇതിനെ കുറിച്ചു അന്വേഷിച്ചു. ഏകദേശം 10 ആകാറായിരുന്നു അപ്പോൾ. നല്ല വെയിലും. ഇപ്പോൾ മുട്ടിലിഴഞ്ഞു പോകണ്ട എന്നായിരുന്നു റിസെപ്ഷനിലെ ആളുടെ അഭിപ്രായം. കാലത്തു 7 മണിക്കും വൈകീട്ട് 5 മണിക്കും മുട്ടിലിഴഞ്ഞു പോകാനുള്ള വഴിയിൽ വെള്ളം ഒഴിച്ചിടുമത്രേ. അപ്പോൾ മുട്ടിലിഴഞ്ഞു പോകാൻ എളുപ്പമാണ്. പക്ഷെ എനിക്കു ഇത്തരം പെട്ടെന്നു അതു ചെയ്യണമായിരുന്നു. എന്തു എങ്ങനെ എന്നൊന്നും അറിയുന്നുണ്ടായിരുന്നില്ല. അതു കൊണ്ടു തന്നെ, നേരം വൈകുംതോറും അതു ചെയ്യാൻ സാധിക്കാതെ വരുമോ എന്നായിരുന്നു പേടി. 

അങ്ങനെ ഏകദേശം 10 .50 ഓട് കൂടി, ഞാൻ മുട്ടിലിഴയാൻ ആരംഭിച്ചു. ഉച്ചയോടടുത്ത സമയം ആയതിനാൽ അധികം പേർ ഉണ്ടായിരുന്നില്ല. കൂടെ അമ്മയും ഉണ്ടായിരുന്നു. എന്നാൽ കുറച്ചു കഴിഞ്ഞപ്പോഴേക്കും അമ്മ പിൻവാങ്ങി. തുടക്കത്തിൽ കൈകളുടെ സഹായം ഇല്ലാതെയാണ് ഇഴഞ്ഞിരുന്നത്. എന്നാൽ പിന്നീട് കൈകൾ കുത്തി നീങ്ങേണ്ടി വന്നു. കാൽമുട്ടുകൾ പൊട്ടിയൊലിക്കാൻ തുടങ്ങി. വെയിലിനു കാഠിന്യമേറി. കൈകൾ നിലത്തു കുത്തി നീങ്ങാനും ബുദ്ധിമുട്ടായിത്തീർന്നു. മൂന്നു നാലു അടി വെച്ചു കഴിനൽ തന്നെ കുറച്ചു നേരം വിഷമിക്കേണ്ടി വന്നു. പക്ഷെ മാതാവിന്റെ അടുത്ത എത്തണമെന്നു  അതിയായ ആഗ്രഹം. എത്രയോ ലക്ഷം പേര് ഇങ്ങനെ മുട്ടിലിഴഞ്ഞു പോയിട്ടുണ്ട് ? എങ്കിൽ എനിക്കു എന്തു കൊണ്ടു സാധിക്കില്ല എന്നായിരുന്നു മനസ്സിൽ. 

ഈ മുട്ടിലിഴഞ്ഞുള്ള പ്രാർത്ഥന നമ്മുടെ ജീവിതത്തെ തന്നെ ആണ് നമുക്ക് കാണിച്ചു തരുന്നത് എന്നു എനിക്കു തോന്നി. ജീവിതത്തിനെ തുടക്കത്തിൽ നാം നടന്നു തുടങ്ങുമ്പോൾ അധികം പ്രേശ്നങ്ങൾ ഒന്നും ഇല്ലാതെ ഇരിക്കും. എന്നാൽ കുറച്ചു ദൂരം യാത്ര ചെയ്തു അഴിയുമ്പോൾ ആണ് ദുരിതങ്ങൾ തുടങ്ങുന്നത്. ഈ പ്രശ്നങ്ങൾ മണ്ണിലെ കുപ്പിച്ചില്ലുകളും കൂർത്ത കല്ലുകളും പോൾ ആണ്. അവയിൽ തട്ടി കാൽ വേദനിക്കും, മുറിയും, ചോര ഒലിക്കും.തൊട്ടു പിന്മാറേണ്ടവർക്കു അവിടെ യാത്ര അവസാനിപ്പിക്കാം. തന്റെ ലക്ഷ്യത്തിൽ വിശ്വാസമുള്ളവർക്കു ബുദ്ധിമുട്ടുകളെയും എതിർപ്പുകളെയും മാനിക്കാതെ മുന്നോട്ടുപോകാം.

കുറെ ദൂരം എത്തിയപ്പോൾ ശെരിക്കും തളർന്നു  തുടങ്ങിയിരുന്നു. അപ്പോഴാണ് ആദ്യമായി പിന്തിരിഞ്ഞു നോക്കാൻ തോന്നിയത്. എത്രയോ ദൂരം പിന്നിട്ടു, ഇനിയും അത്ര തന്നെ ദൂരമേ ഉള്ളു, ലക്ഷ്യത്തിലേക്ക്. എന്തു കൊണ്ടു യാത്ര തുടർന്നു കൂടാ എന്ന ചിന്ത ഉദിച്ചു. യാത്ര സാവധാനം ആക്കിയെങ്കിലും ലക്ഷ്യത്തിൽ എത്തണം എന്നുറപ്പിച്ചു. കാലുകൾ നീട്ടി വെച്ചും, ഇഴഞ്ഞും, പതുക്കെ ലക്ഷ്യത്തിലേക്ക് നീങ്ങി. അവസാനം, മാതാവിന്റെ മുൻപിൽ ചെന്നു നിന്നപ്പോൾ കണ്ണിൽ നിന്നു ധാരയായി ഒഴുകി. ജീവിതത്തിൽ ആദ്യമായി ഈശ്വരനോട് കൈവിടരുതേ എന്നു പ്രാർത്ഥിച്ചു.