Tuesday 16 August 2016

അഭ്യുദയം തേടി

ചെറുപ്പത്തിലേ നന്നായി വായിക്കുമായിരുന്നു. സ്കൂളിലെ എന്റെ രണ്ടു അടുത്ത സുഹൃത്തുക്കളും ഞാനും ലൈബ്രറിയിലെ പുസ്തകങ്ങൾ തിന്നു തീർത്തിരുന്നു ഒരു കാലം ഉണ്ടായിരുന്നു. പുസ്തകത്തിന്റെ വലുപ്പമോ, അതിലെ ഉള്ളടക്കത്തിന്റെ കാഠിന്യമോ ഒന്നും ഞങ്ങൾ വകവെച്ചിരുന്നില്ല. എത്ര സമയം എടുത്താലും, ഒന്നും മനസ്സിലായില്ലെങ്കിലും, വായിക്കുക എന്നതായിരുന്നു ലക്‌ഷ്യം. അങ്ങനെ വായിച്ചു തീർത്തതിൽ ലിയോ ടോൾസ്റ്റോയുടെ "യുദ്ധവും സമാധാനവും" അടങ്ങുന്നു. അന്ന് സത്യത്തിൽ അതിന്റെ ഉള്ളടക്കം എന്താണെന്നു കാര്യമായി മനസ്സിലായില്ല. ഇന്ന് ആ കഥയുടെ ഒന്നും തന്നെ ഓർമ്മ ഇല്ല. മാത്രവുമല്ല, ഒന്നു കൂടെ വായിക്കാനുള്ള ധൈര്യം ഇല്ലാതായിരിക്കുന്നു.

അറബിപ്പൊന്ന്, കർണൻ, യയാതി, തുടങ്ങിയ പുസ്തകങ്ങളും അന്ന് "തിന്നു" തീർത്തിരുന്നു. എന്നാൽ അവയിലെല്ലാം വെച്ച് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്, നരേന്ദ്ര കോഹ്ലി രചിച്ച അഭ്യുദയം എന്ന പുസ്തകം ആണ്. രാമായണം ആണ് ഇതിവൃത്തം. എന്നാൽ, രാമായണത്തിന്റെ മറ്റൊരു മുഖമാണ് ഈ പുസ്തകത്തിൽ കാണാൻ കഴിയുക. പുരാണം അനുസരിച്ചു ഭൂമിയിൽ ജീവിച്ചു മരിച്ച വ്യക്തിയാണ് രാമൻ. എന്നാൽ പലപ്പോഴും ആ കഥയിൽ ചില "ലോജിക്" പ്രേശ്നങ്ങൾ ഉണ്ടാകാറുണ്ട്. അത്തരം പ്രേശ്നങ്ങളെ ഇല്ലാതാക്കുകയാണ് "അഭ്യുദയം" ചെയ്യുന്നത്.

അഭ്യുദയത്തിൽ രാമൻ മനുഷ്യൻ തന്നെ ആണ്. അതീവ ബുദ്ധിമാനും ധൈര്യശാലിയുമായ മനുഷ്യൻ. അതല്ലാതെ അമാനുഷികശക്തികളൊന്നുംതന്നെ അഭ്യുദയത്തിലെ രാമനില്ല. തന്റെ പ്രജകളോടും കുടുംബത്തോടും ഏറെ സ്നേഹമുള്ള പച്ചയായ മനുഷ്യൻ. രാമൻ തന്നെക്കാൾ ഏറെ പ്രായക്കുറവുള്ള അനുജൻ ലക്ഷ്മണനെ "സൗമിത്രേ" (സുമിത്രയുടെ മകൻ എന്നർത്ഥം) എന്ന് ഒരുപാട് സ്നേഹത്തോടെ വിളിക്കുന്നത് ശ്രദ്ധിക്കേണ്ടതാണ്. പക്ഷെ രാമായണത്തിന്റെ മിക്ക ആഖ്യാനങ്ങളിലും, പ്രത്യേകിച്ച് ടി വി സീരിയലുകളിൽ രാമനും ലക്ഷ്മണനും തമ്മിൽ അധികം പ്രായവ്യത്യാസം ഇല്ലാത്തതായാണ് അവതരിപ്പിക്കാറ്. എന്നാൽ അത് "ലോജിക്കലി" ശെരിയുമല്ല . അതുപോലെ തന്നെ, സീത രാമനെ "രാമാ" എന്ന് തന്നെ ആണ് വിളിക്കുന്നത്. അല്ലാതെ "പ്രഭോ, സ്വാമി" എന്നിങ്ങനെയൊന്നുമല്ല.

അഭ്യുദയത്തിന്റെ മായാലേ പരിഭാഷ ആണ് ഞാൻ വായിച്ചത്. അതിന്റെ ഒരു കോപ്പി സ്വന്തമാക്കണം എന്ന് പിന്നീട് കുറെ കാലങ്ങൾക്കു ശേഷം തോന്നി. പക്ഷേ ഒരു ബുക്ക് ഷോപ്പിലും അത്  ഉണ്ടായിരുന്നില്ല.  അന്വേഷിച്ചു എന്ന് തന്നെ വേണം പറയാൻ. പലപ്പോഴും എന്റെ അവസാനത്തെ കച്ചിത്തുരുമ്പായിരുന്ന കോഴിക്കോട് ടി ബി എസിലും അന്വേഷിച്ചു. എവിടെയുമില്ല. എന്റെ സ്കൂൾ സുഹൃത്ത് കൃഷ്ണപ്രിയയും ഈ പുസ്തകം  വായിച്ചിട്ടുണ്ടായിരുന്നു. അവളോട് അന്വേഷിച്ചപ്പോൾ ഈ പുസ്തകത്തിന്റെ പ്രിന്റിങ് നിർത്തി എന്ന് അറിയാൻ കഴിഞ്ഞു. പക്ഷെ എന്നാലും ഞാൻ അന്വേഷണം അവസാനിപ്പിച്ചില്ല. എവിടെ പോയാലും അടുത്ത ഒരു ബുക്ക് ഷോപ് കണ്ടാൽ അവിടെ കേറി "നരേന്ദ്ര കോഹ്‌ലിയുടെ അഭ്യുദയം ഉണ്ടോ?" എന്ന് അന്വേഷിക്കുന്നത് ഒരു ശീലമായി. 

അങ്ങനെ എട്ടു വർഷം  കഴിഞ്ഞു. 

തൃശൂർ സ്വകാര്യ ബസ് സ്റ്റാൻഡിന്റെ അരികിൽ ഒരു കൊച്ചു ബുക്ക് ഷോപ് ഉണ്ട്. നിന്ന് തിരിയാൻ പോലും ഇടമില്ലാത്തത്ര ചെറിയ ഒരു കട. അഭ്യുദയം ഉണ്ടായിരിക്കാൻ യാതൊരു ചാൻസുമില്ല. എന്നാലും കേറി ചോദിച്ചു. ഈയിടെ ആയി, അഭ്യുദയത്തിന്റെ കഥകൂടി ബുക്ക് ഷോപ്പില്ലേ "ചേട്ടന്മാർക്കും ചേച്ചിമാർക്കും" വിവരിച്ചു കൊടുക്കുന്ന ശീലം തുടങ്ങിയിട്ടുണ്ട്. അഭ്യുദയം എന്ന് പേര് മറന്നു പോയിട്ടാണെങ്കിലോ? കഥ ചിലപ്പോൾ ഓർമ്മ ഉണ്ടെങ്കിലോ? അങ്ങനെ ഈ ബുക്ക് ഷോപ്പിലെ ചേട്ടനും അഭ്യുദയത്തിന്റെ ഒരു "സിനോപ്സിസ്" പറഞ്ഞു കൊടുത്തു. ആ ചേട്ടന് ചെറിയ ഒരു ഓർമ്മ, ആ പുസ്തകം ഷോപ്പിനകത്ത് കണ്ടതായി. ഒന്ന് നോക്കട്ടെ എന്ന് പറഞ്ഞു ആ ചേട്ടൻ ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ഒരു കോണിയിലൂടെ ഷോപ്പിന്റെ മുകളിലത്തെ നിലയിലേക്ക് പോയി. 

തിരിച്ചു വന്നപ്പോൾ അഭ്യുദയത്തിന്റെ  ഒരു കോപ്പി. ഞാൻ  സന്തോഷം  ചാടി എന്ന് തന്നെ വേണം പറയാൻ. വിറ്റഴിയാത്ത പുസ്തകങ്ങൾ ആണ് കടയുടെ മുകളിൽ കൊണ്ട് പോയി  വെക്കരു.അത്തരം പുസ്തകങ്ങളുടെ ഇടയിൽ നിന്ന് പൊക്കിയെടുത്തു കൊണ്ട് വന്നതാണ് ഈ കോപ്പി. സാധാരണ ഞാൻ എപ്പോഴും നല്ല കോപ്പികളേ  വാങ്ങിക്കാറുള്ളു. ഒരു ചുളിവൊ മറ്റോ കണ്ടാൽ വേറെ കോപ്പി ചോദിച്ചു വാങ്ങിക്കാറാണ് പതിവ്. പക്ഷെ ഇപ്പ്രാവശ്യം ആ ചിന്തകളൊന്നും എന്റെ മനസ്സിലൂടെ പോയേ ഇല്ല. എട്ടു വർഷത്തെ തിരച്ചിലിനൊടുവിലാണ് ഈ പുസ്തകം എനിക്ക് കിട്ടിയത്.

അഭ്യുദയത്തിനു ഒരു രണ്ടാം ഭാഗം ഉണ്ട്. പക്ഷെ അത് മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് അറിയില്ല. അതും അന്വേഷിച്ചു നടക്കുകയാണ് ഇപ്പോൾ. 

Sunday 14 August 2016

ആരുടേയും മതവികാരങ്ങളെ വ്രണപ്പെടുത്താൻ അല്ല ഈ ചോദ്യം. എന്റെ തന്നെ അറിവിന് വേണ്ടി  മാത്രം ആണ്.

ക്ഷേത്രങ്ങളിൽ "അഹിന്ദുക്കൾക്കു പ്രവേശനം ഇല്ല" എന്ന് എഴുതിവെച്ചിരിക്കുന്നത് കാണാം. എന്ത് കൊണ്ടാണത്? എല്ലാ മതങ്ങളെ പറ്റിയും, അവരുടെ ആരാധനാലയങ്ങളെ പറ്റിയും എനിക്ക് അറിവില്ല. എന്നാൽ, പള്ളികൾ, ഗുരുദ്വാരകൾ എന്നിവിടങ്ങളിൽ മറ്റു മതവിശ്വാസികൾക്ക് പ്രവേശനം നിഷേധമല്ലല്ലോ? പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ചിലയിടത്തു മുസ്ലിം ആരാധനാലയങ്ങളിൽ പ്രവേശനം നിയന്ത്രിച്ചിട്ടുണ്ടെന്നു ഗൂഗിൾ പറയുന്നു. എന്നാൽ, ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിലും ഈ നിയന്ത്രണം ഇല്ല എന്നും പറയുന്നു. നിസ്കാരം തടസ്സപ്പെടരുത് എന്ന് മാത്രമേ അധികാരികൾ ചിന്തിക്കുന്നുള്ളു.
ക്രിസ്ത്യൻ പള്ളികളിൽ അങ്ങനെ ഒരു നിയന്ത്രണമേ ഇല്ല എന്നാണ് എന്റെ അറിവ്. വിശുദ്ധ അപ്പം സ്വീകരിക്കുന്നതിലും മറ്റും ആണ് ആ നിയന്ത്രണം എന്നാണ് ഞാൻ പറഞ്ഞു കേട്ടിട്ടുള്ളത്.

ഗൂഗിൾ പറയുന്നത്, ക്ഷേത്രങ്ങളിൽ അഹിന്ദുക്കൾക്കു പ്രവേശനം നിഷേധിച്ചിരിക്കുന്നത് മറ്റു മതവിശ്വാസികളുടെ ആചാരങ്ങൾ  ഹിന്ദു ആചാരങ്ങളിൽ നിന്ന് വ്യത്യസ്തമായതു കൊണ്ട് ആണെന്ന് പറയുന്നു. ''സൗണ്ട് വൈബ്രേഷന്സ്"ഇൽ ഉള്ള വ്യത്യാസവും ചൂണ്ടിക്കാണിക്കപ്പെടുന്നു. പക്ഷെ അങ്ങനെ ആണെങ്കിൽ എന്ത് കൊണ്ട് ശബരിമലയിൽ അത്തരം  ഒരു നിയന്ത്രണം ഇല്ല?

അഹിന്ദുക്കൾ ക്ഷേത്രത്തിലെ ആചാരങ്ങൾ തെറ്റിച്ചാലോ എന്നൊരു ഭയവും ഉണ്ടെന്നു ഗൂഗിൾ പറയുന്നു. എന്നാൽ, ഈ ഭയം മറ്റു മതസ്ഥർക്കില്ലേ? ഇത്തരം നിയന്ത്രണങ്ങൾ  വെക്കണോ അതോ എന്തൊക്കെ രീതികൾ ആണ് ക്ഷേത്രത്തിനകത്തു പാലിക്കേണ്ടത് എന്ന് പറഞ്ഞു കൊടുത്തു ഈ നിയന്ത്രണത്തിന് ഒരു അയവു വരുത്തുകയാണോ വേണ്ടത്?

ps: ഈ കുറിപ്പ് ഫേസ്ബുക്കിലും മറ്റും ഇട്ടു ഒരു വിവാദം സൃഷ്ടിക്കരുത്. എന്നാൽ, എന്റെ അറിവിലേക്കായി എല്ലാവർക്കും  അഭിപ്രായം രേഖപ്പെടുത്താം.