Tuesday 21 June 2016

ആകാശം നോക്കുക

എപ്പോഴെങ്കിലും കുറച്ചു നേരം വെറുതെ ആകാശം നോക്കി ഇരുന്നിട്ടുണ്ടോ? ചെന്നൈയിൽ പഠിക്കുന്ന കാലത്തു ഹോസ്റ്റലിന്റെ ടെറസിൽ വെറുതെ കുറെ നേരം പോയി ഇരിക്കും. ഏതൊരു മെഡിറ്റേഷനെക്കാളും സുഖം തരുന്നതാണ് ഈ ശീലം എന്ന് തോന്നിയിട്ടുണ്ട്. ആകാശം നോക്കുമ്പോഴാണ് ഈ ലോകം എത്ര വലുതാണെന്നും നമ്മൾ അതിൽ എത്രയോ ചെറിയ മൺതരി  പോലെയാണെന്നും ഉള്ള തിരിച്ചറിവ് ഉണ്ടാകുന്നത്. ഈ ലോകത്തെ അപേക്ഷിച്ചു നമ്മൾ ഒന്നും അല്ല എന്നും അതു കൊണ്ടു തന്നെ നമ്മൾ നമ്മുടെ പ്രശ്നങ്ങളെ ഊതിപ്പെരുപ്പിച്ചു ജീവിതം കളയേണ്ട കാര്യം ഇല്ലെന്നും തിരിച്ചറിവുള്ളവർ പറഞ്ഞുവെച്ചിരിക്കുന്നത് പെട്ടെന്ന് മനസ്സിലേക്ക്  എത്തുന്നതും, അതു സത്യം ആണെന്ന് ഞാൻ തിരിച്ചറിയുന്നതും ഈ ആകാശം നോക്കി ഇരിക്കുമ്പോൾ ആണ്.

ജീവിതത്തിലെ പല പ്രശ്നങ്ങളിലും നമ്മൾ കുരുങ്ങി കിടക്കുന്നത്, ആകാശം പോലെ വിശാലമാണ് ജീവിതം എന്ന തിരിച്ചറിവ് ഇല്ലാത്തത് കൊണ്ടാണെന്നു തോന്നാറുണ്ട് . നാലു ചുമരുകളും അതിൽ തിങ്ങി നിറഞ്ഞു നമ്മളെ ശ്വാസം മുട്ടിക്കുന്ന ബന്ധുക്കളും അവർക്ക്‌ നമ്മുടെ മുകളിൽ ഉള്ള പ്രതീക്ഷകളും പലപ്പോഴും ഒരാളെ അയാളുടെ ജീവിതം ആസ്വദിക്കാൻ അനുവദിക്കാറില്ല. അച്ഛൻ വലിയ ഉദ്യോഗസ്ഥൻ ആണെങ്കിൽ മക്കൾ ആ നിലയിൽ തന്നെ എത്തണം. മക്കൾ കല്യാണം കഴിക്കുന്ന ആൾക്കാർ, തങ്ങളുടെ ഒരേ സ്റ്റാറ്റസിൽ വളർന്നവരായിരിക്കണം, അവരുടെ അച്ഛനമ്മമാർക്ക് താങ്കളുടെ പോലെ തന്നെ വിദ്യാഭ്യാസം വേണം... ഇങ്ങനെ എത്ര തരം ഫിൽറ്ററുകൾ ആണ് നമ്മുടെ ജീവിതത്തിൽ? ഇതിനിടയിൽ തനിക്ക് എന്തു വേണം എന്നു തിരിച്ചറിയാൻ ആർക്കും കഴിയുന്നില്ല. മറ്റുള്ളവരുടെ എക്സ്പെടെഷൻസിനൊത്ത്‌ ഓടി നടക്കുമ്പോൾ, സ്വയം ജീവിക്കാൻ മറക്കുന്നു പലരും... ഇവിടെ ആർക്കും സ്വയം തീരുമാനം എടുക്കാൻ സ്വാതന്ത്ര്യം ഇല്ലാത്ത പോലെ. (ഇതു കേട്ടാൽ കുറച്ചു പേര് എങ്കിലും പറയും, അങ്ങനെ അല്ലല്ലോ ഇവിടത്തെ അവസ്ഥ എന്നു.. എന്നാൽ, ആ അവസ്ഥ നിലനിൽക്കുന്നു എന്നും അതിൽ പെട്ടു ചിലർ എങ്കിലും ശ്വാസം മുട്ടുന്നു എന്നും മനസ്സിലാക്കുക).

പലപ്പോഴും പലർക്കും പല കാഴ്ചപ്പാടുകൾ ആണ്. സമ്മതിച്ചു. പക്ഷെ തന്റെ കാഴ്ചപ്പാട് എന്തിനു മറ്റുള്ളവരുടെ മേൽ അടിച്ചേല്പിക്കണം എന്നു ആലോചിക്കാറുണ്ട്. കാഴ്ചപ്പാടുകൾ തുറന്നു പറയാം, (പറയാൻ സ്വാതന്ത്ര്യം ഉണ്ടെങ്കിൽ - പ്രായത്തിന്റെയോ ലിംഗത്തിന്റെയോ അടിസ്ഥാനത്തിൽ ഇപ്പോഴും ആർക്കൊക്കെ അഭിപ്രായ സ്വാതന്ത്ര്യം വേണം വേണ്ട, എന്നു തീരുമാനിക്കപ്പെടുന്ന സ്ഥലമാണ് കേരളം- അങ്ങനെ തന്റെ അഭിപ്രായ സ്വാതന്ത്രെത്ത വിളക്കുന്നവരോട് പറയാതെ ഇരിക്കുകയായിരിക്കും നല്ലത്, - മനസ്സിലാക്കുക, തുറന്ന മനസ്സുള്ള പലരും ഉണ്ട് ഇവിടെ. അവരോടു സംസാരിക്കാം. വെറുതെ അടഞ്ഞ  ചിന്താഗതിക്കാരോട് സംസാരിച്ചു നമ്മുടെ ആത്മവിശ്വാസം കളയണം എന്നില്ല.)

ഇത്തരം ചിന്തകളിൽ കിടന്നു ഉഴറുമ്പോഴാണ്, ലോകം ഈ കുറച്ചു പേരിൽ ഒതുങ്ങുന്നതല്ല എന്നും, ഈ ലോകത്ത്  നമുക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ഉണ്ട് എന്നും, അദ്‌ഭുതങ്ങൾ സൃഷ്ടിക്കാനുള്ള കഴിവ്  നമ്മൾ ഓരോരുത്തരിലും ഉണ്ടെന്നും മനസ്സിലാക്കേണ്ടത്. പലപ്പോഴും നമ്മെ വീർപ്പുമുട്ടിക്കുന്നത് നമ്മളുടെ ചുറ്റുമുള്ള സമൂഹമാണ്. അല്ലെങ്കിൽ ആ സമൂഹത്തിലെ ചില ഘടകങ്ങൾ ആണ്. അത്തരം ഘടകങ്ങളിൽ നിന്ന് മാറി നിൽക്കുക എന്നതാണ് ഈ ശ്വാസം മുട്ടൽ ഒഴിവാക്കാൻ ഏറ്റവും നല്ലത്. ചില ആൾക്കാർക്ക്, ആ സമൂഹത്തിൽ തന്നെ നിന്നു കൊണ്ടു അത്തരം ഘടകങ്ങൾക്ക് അധികം പ്രാധാന്യം കൊടുക്കാതെ പ്രവർത്തിക്കാൻ കഴിവുണ്ട്. ചിലർക്കാകട്ടെ, ആ സമൂഹത്തിൽ നിന്നു മുഴുവൻ ആയി മാറി നിൽക്കേണ്ടി വരും. നമ്മളെ മുഴുവനായി അംഗീകരിക്കാനാകാത്ത സമൂഹം അല്ലെങ്കിൽ കൂടിയും, നമ്മുടെ കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തിൽ നമ്മോടു മോശമായി പെരുമാറാത്ത ആൾക്കാരുള്ള ഒരു സമൂഹമാണെങ്കിൽ രണ്ടു കൂട്ടർക്കും ഒരുപാട് ബുദ്ധിമുട്ടുകൾ ഇല്ലാതെ ജീവിക്കാം. നമ്മുടെ കഴിവുകൾ മുഴുവനായി ഉപയോഗപ്പെടുത്താൻ കഴിവില്ലാത്ത ഒരു സമൂഹത്തിൽ ആണ് നമ്മൾ എങ്കിൽ, അവിടെ നിന്നു മാറി, നമ്മളെ ആവശ്യം ഉള്ള ഒരു സമൂഹത്തെ കണ്ടെത്തുക ആയിരിക്കും നല്ലത് എന്നു എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ചില സമൂഹങ്ങളുടെ അഭിപ്രായത്തിൽ ഒരു ജോലിയും കുടുംബവും ആയാൽ ഒരാളുടെ ജീവിതം പൂർണമായി എന്നാണ്. എന്നാൽ, ഒരൊറ്റ വ്യക്തിക്കും അതിനപ്പുറം ചെയ്യാൻ ഉള്ള കഴിവുണ്ട്. പലപ്പോഴും സമൂഹം നമ്മുടെ മേലെ ചെലുത്തുന്ന സമ്മർദ്ദം കാരണം ആണ് നമുക്ക് ഒന്നും ചെയ്യാൻ പറ്റാതെ പോകുന്നത്.

മറ്റു ചിലർക്കു  ഈ ലോകത്തിൽ എന്തെങ്കിലും ഒരു മാറ്റം വരുത്താൻ കഴിയുന്നതും ഈ സമ്മർദ്ദത്തിന്റെ ഫലം ആയിട്ടാണെന്നു പറയാം. മാധവിക്കുട്ടിയെപ്പോലെ ഉള്ളവർ ഗഹനമായ ചിന്തകൾ എഴുതിയത് ഈ സമ്മർദ്ദത്തിന്റെ പുറത്തു ആണെന്ന് പറയാം. ( മാധവിക്കുട്ടിയുടെ ചിന്തകൾ മനസ്സിലാക്കാൻ മാത്രം നമ്മുടെ സമൂഹം വളർന്നിട്ടില്ല എന്നത് കൊണ്ടു മാത്രം അവരുടെ കൃതികൾ ഇന്നും അധികം ആരും അംഗീകരിച്ചിട്ടില്ല. എന്നാൽ, അവരുടെ അനുഭവങ്ങൾ അവരുടെ തലത്തിൽ നിന്നു മനസ്സിലാക്കാൻ കഴിഞ്ഞവർ കുറച്ചു പേരും ഉണ്ട്.) ഈ. ആർ. ബ്രെയ്‌ത്‌വെയിറ്റു പോലെ ഉള്ളവർ എഴുതിയതും അവർ സമൂഹത്തിൽ അനുഭവിച്ച കാര്യങ്ങൾ ആണ്.

ഏതു സമൂഹത്തിൽ ആയാലും, നമുക്ക് രണ്ടു രീതിയിൽ ജീവിക്കാം എന്ന് എനിക്കു തോന്നിയിട്ടുണ്ട്. ഒന്നുകിൽ ഒന്നും സ്വപനം കാണാതെ, സമൂഹം ഏതു വഴി ആണോ വെട്ടി വെച്ചിരിക്കുന്നത്, ആ വഴി മാത്രം നടക്കാം. നല്ല കുട്ടി എന്ന പേര് കിട്ടും, പക്ഷെ നിങ്ങൾ ഒരിക്കൽ ഓർമ്മിക്കപ്പെടുകയില്ല, ഒരു മാറ്റവും നിങ്ങൾക്ക് ഈ ലോകത്ത്  ശൃഷ്ടിക്കാൻ ആവില്ല. നമുക്ക് ശരി എന്നു ഉറപ്പുള്ള കാര്യം ചെയ്യാൻ ആദ്യം ഈ സമൂഹം അംഗീകരിച്ചില്ലെങ്കിലും, ധൈര്യം
 ആയി മുന്നോട്ടു പോകണം. ഒരിക്കൽ സമൂഹം നിങ്ങളെ അംഗീകരിക്കും (സമൂഹത്തിനു ദോഷം വരുത്താത്ത കാര്യങ്ങൾ ചെയ്യണം എന്നു മാത്രം.) ഭൂമി പരന്നതാണെന്നു വിശ്വസിച്ചിരുന്നവരോട് ഭൂമി യഥാർത്ഥത്തിൽ ഉരുണ്ടതാണെന്നു പറഞ്ഞവരെ ചുട്ടു കൊന്നിട്ടുണ്ട്. പക്ഷെ, പിന്നീട് ഭൂമി ഉരുണ്ടതു തന്നെ ആണെന്ന് തെളിയിക്കപ്പെട്ടു.

ഇതിനൊക്കെ മുൻപായി, താൻ ചെയ്യുന്ന കാര്യങ്ങളിൽ ഏതൊക്കെ ആണ് ശരി എന്നും ഏതൊക്കെ ആണ്  തെറ്റു എന്നും തിരിച്ചറിയാൻ ഉള്ള  കഴിവ് ഓരോരുത്തരും ഉണ്ടാക്കി എടുക്കണം. പല സമൂഹങ്ങളിലും അതിനുള്ള സാഹചര്യം ഉണ്ടാകാറില്ല. ഇന്നും നംമടുത്തെ സമൂഹത്തിൽ, പലരുടെയും ജീവിതത്തിലെ തീരുമാനങ്ങൾ അവർക്കു സ്വയം ആയി എടുക്കാൻ കഴിയ്യാത്ത ആ ഒരു തിരിച്ചറിവ് ഇല്ലാതത്തു കൊണ്ടാണ്. ആരും കുട്ടികളെ അതിനു പ്രാപ്തരാക്കാറില്ല. മറ്റ് എല്ലാ മൃഗങ്ങളും മക്കളെ ഒരു പ്രായത്തിനപ്പുറം തനിയെ ജീവിക്കാൻ വിടുമ്പോൾ, മനുഷ്യൻ മാത്രം ആണ് തങ്ങളുടെ കുട്ടികൾ എപ്പോഴും തങ്ങളുടെ കൂടെ വേണം എന്നു  പിടിക്കുന്നത്. എപ്പോഴും മക്കളെ സ്വന്തം ചിറകിനടയിൽ സൂക്ഷിക്കാൻ ശ്രമിക്കുമ്പോൾ അടുത്ത തലമുറക്കു  സ്വയമപ്രാപ്തരാവാൻ കഴിയാതെ വരുന്നു. ജീവിതത്തിൽ എന്തെങ്കിലും ഒരു തീരുമാനം എടുക്കാനോ പ്രേശ്നങ്ങളെ ധൈര്യത്തോടെ നേരിടാനോ കഴിയാതെ വരുന്നു. അപ്പോൾ വീണ്ടും മുതിർന്ന തലമുറ വിചാരിക്കും, തങ്ങളുടെ മക്കൾക്ക്‌ ഇപ്പോഴും പക്വത വന്നിട്ടില്ലെന്നും അവർക്കു ഇപ്പോഴും തങ്ങളുടെ സഹായം ആവശ്യം ഉണ്ടെന്നും. അങ്ങനെ മക്കൾ എന്നും മാതാപിതാക്കളുടെ തണലിൽ തന്നെ ആയിത്തീരും. അതു സമൂഹത്തിലെ ഒരു ശീലം ആയി തീരുകയും ചെയ്യും.കീഴ്വഴക്കം അനുസരിച്ചു, അച്ഛനമ്മമാരുടെ സ്റ്റാറ്റസ്സിനൊത്തു മക്കൾ തങ്ങളുടെ പഠിപ്പും ജോലിയും വിവാഹവും തീരുമാനിക്കണം എന്ന അവസ്ഥ വരും. പലപ്പോഴും ഇതു കുട്ടികളുടെ ഇഷ്ടങ്ങൾക്കു എതിരായി വരും. അപ്പോഴാണ് പേരന്റ് - ചൈൽഡ് കോൺഫ്ലിക്റ് ഉണ്ടാകുന്നത് എന്നു പലപ്പോഴും എനിക്കു തോന്നിയിട്ടുണ്ട്. പലപ്പോഴും ലൗകികമായ സ്റ്റാറ്റസ് പോലെ ഉള്ള കാര്യമാണ് ആണ് നമ്മുടെ ജീവിതം ഇത്രമേൽ ദുരിതമാക്കുന്നത്. ഓർക്കുക, ശ്രീ ബുദ്ധൻ ഒരു രാജകുമാരൻ ആയിരുന്നു. ഒരുപാട് രാജ്യങ്ങളുടെ മേൽ പടവെട്ടി ഒരുപാട് ധനം സ്വരൂപിച്ചു ഏതെങ്കിലും യുദ്ധത്തിൽ മുറിവേറ്റു മരിച്ചു വീഴമായിരുന്നു അദ്ദേഹത്തിന്. എന്നാൽ, സ്വയം  നിർവാണത്തിലേക്കുള്ള വഴി തേടുകയും, അതു ലോകത്തിനു പറഞ്ഞു കൊടുക്കുകയും, അതിലൂടെ ലോകത്തിനു പുതിയ ഒരു ഉണർവ് നൽകാനുമാണ് അദ്ദേഹം തിരഞ്ഞെടുത്തത്. ഓരോരുത്തർക്കും ഓരോ കഴിവുണ്ട്, അതു തിരിച്ചറിയാനും അതിലൂടെ മുന്നേറാനുമുള്ള പ്രാപ്തിയാണ് എല്ലാവർക്കും വേണ്ടത്. അതല്ലാതെ, മറ്റൊരാളുടെ വഴിയിലൂടെ നടക്കാൻ നിര്ബന്ധിക്കുകയല്ല വേണ്ടത്. മാതാപിതാക്കൾ എപ്പോഴും മക്കൾക്ക്‌ താങ്ങായി നിൽക്കണം. അതിനു കുട്ടികളുടെ മനസ്സു അറിയണം. ജനറേഷൻ ഗ്യാപ് എന്നു പറഞ്ഞു കുട്ടികളുടെ മനസ്സു മനസ്സിലാക്കാൻ ശ്രമിക്കാതെ പോകരുത്. കുട്ടികൾക്ക് നല്ലത് പറഞ്ഞു കൊടുത്തു, അവരുടെ താല്പര്യത്തിനു അനുസരിച്ചു ജീവിക്കാൻ പ്രേരിപ്പിക്കണം. മാതാപിതാക്കളുടെ ഇഷ്ടത്തിന് ഒത്തു ജീവിക്കാൻ  അവരെ ഒരുപാട് നിർബന്ധിച്ചാൽ, അവർക്കു അവരുടെ സ്വന്തം വ്യക്തിത്വം നഷ്ടപ്പെടും. പലപ്പോഴും വിദ്യാഭാസത്തിന്റെയും ജോലിയുടെയും വിവാഹത്തിന്റെയും കാര്യത്തിൽ ആണ് മാതാപിതാക്കളും കുട്ടികളും തമ്മിൽ പ്രേശ്നങ്ങൾ ഉടലെടുക്കുന്നത്. അതും കുട്ടികളുടെ താല്പര്യത്തിനപ്പുറം സ്റ്റാറ്റസ്, പാരമ്പര്യം തുടങ്ങിയ കാര്യങ്ങൾ ക്രൈറ്റീരിയ ആയി കാണുമ്പോൾ. 

എല്ലാവരും തനിക്കു എതിരാണെന്ന് തോന്നുമ്പോൾ സ്വാമി വിവേകാനന്ദന്റെ വാക്കുകൾ ഓർക്കുക, "When the whole world, turns against you, turn you back to them, and then you will be their leader". 

ആകാശം നോക്കി ഇരിക്കുന്നതിന് വേറെ ഒരു ഗുണം കൂടി ഉണ്ട്. പലപ്പോഴും വേറെ ഒന്നിലേക്കും ശ്രദ്ധ കേന്ദ്രികരിക്കാൻ ഇല്ലാത്തതു കൊണ്ട് ആണ് നമ്മൾ മറ്റുള്ളവരുടെ ജീവിതത്തിലേക്ക് കണ്ണു നട്ട്  ഇരിക്കുന്നതു. ആകാശം നോക്കി ഇരുന്നാൽ ഈ ശീലം മാറുകയും മറ്റുള്ളവർക്ക് കുറച്ചു സമാധാനം ലഭിക്കുകയും ചെയ്യും.

ആകാശത്തിനു നമ്മൾ എല്ലാരും ഒരുപോലെയാണ്. എല്ലായിടത്തും ആകാശം ഒരുപോലെ ആണ്.

ഈ ലോകത്തു ഓരോരുത്തർക്കും അവരവരുടേതായ ഇടം ഉണ്ട്. അതു അവർക്കു കൊടുക്കുക. നമ്മുടെ താല്പര്യത്തിനു അനുസരിച്ചു മറ്റുള്ളവരുടെ ജീവിതം ഡിസൈൻ ചെയ്യാൻ ശ്രമിക്കാതിരിക്കുക. നമുക്ക് ഡിസൈൻ ചെയ്യാൻ നമ്മുടെ സ്വന്തം ജീവിതം ഉണ്ട്. അതു നല്ലത് രീതിയിൽ ഡിസൈൻ ചെയ്യുക.