Monday, 3 April 2017

റൈറ്റർസ് കഫേ

മദ്രാസ് പട്ടണത്തിലെ ഒരുമാതിരി മുക്കും മൂലയും അരിച്ചു പെറുക്കിയിട്ടുണ്ട്. ചെന്നൈയിൽ ജനിച്ചു വളർന്ന എന്റെ കൂട്ടുകാർക്കു പോലും പലപ്പോഴും ഞാൻ പറയുന്ന ഇടങ്ങൾ പരിചയമുണ്ടാകില്ല. വേറെ ഒരു പട്ടണത്തിലും ഞാൻ ഇങ്ങനെ തെണ്ടിത്തിരിഞ്ഞു നടന്നിട്ടില്ല. അർമേനിയൻ പള്ളി, ഫോർട്ട്, വാർ സെമിത്തേരി തുടങ്ങിയ ചരിത്ര സ്ഥലങ്ങൾ, സൗകാർപേട്ടിലെ മറാത്തി തെരുവുകൾ, ടി നഗറിലെ തിരക്ക് പിടിച്ച വഴികൾ. കടകളിലെ ഭക്ഷ്ണത്തിന്റെ രുചി അറിഞ്ഞു. പുതിയ സംസ്കാരത്തെയും ആൾക്കാരെയും  പരിചയപ്പെടാനും കുറെ പുതിയ വിവരങ്ങൾ ശേഖരിക്കാനും കഴിഞ്ഞു. ചെന്നൈയിലെ ചൂടോ പൊടിയോ ഒന്നും ഒരിക്കലും ബാധിച്ചിട്ടില്ല. സുരക്ഷയോടു കൂടിയ ഒരു സ്വാതന്ത്ര്യം ആണ് ചെന്നൈ എനിക്ക് സമ്മാനിച്ചത്. ഇത്രത്തോളം ഞാൻ ആസ്വദിച്ച വേറെ ഒരു നഗരം ഇല്ല.

എന്നാൽ കുറച്ചു കാലം ആയി ഊരുതെണ്ടൽ കുറച്ചു കുറവായിരുന്നു. കോളേജിൽ പഠിക്കുമ്പോൾ ഉള്ള സുഖം ജോലി കിട്ടിയപ്പോൾ ഇല്ല. അതുകൊണ്ടു യാത്രകൾ ഒക്കെ കുറച്ചു. പക്ഷെ ഈ അടുത്ത എന്റെ കൂടെ ജോലി ചെയ്യുന്ന ഒരു കൂട്ടുകാരി "റൈറ്റർസ് കഫേ" എന്നൊരിടത്തെ പറ്റി പറഞ്ഞപ്പോൾ ഉടൻ തന്നെ അവിടെ പോകണം എന്നു തോന്നി. രണ്ടു പേരും അങ്ങോട്ട് വെച്ച് പിടിച്ചു. അവൾ ആദ്യം പറഞ്ഞപ്പോൾ തന്നെ കഫെയും ബുക്ക് ഷോപ്പും കൂടിയ ഒരു ഇടം ആണെന്ന് എനിക്ക് മനസ്സിലായി. ഡൽഹിയിലെ ഓക്സ്‌ഫോർഡ് യൂണിവേഴ്സിറ്റി പ്രസ് കഫേ അങ്ങനത്തെ ഒരു ഇടം ആണ്. ഡൽഹിയിൽ എന്റെ കൂടെ പബ്ലിഷിംഗ് കോഴ്സ് ചെയ്ത മുഹ്‌സിൻ ചേട്ടൻ കേരളത്തിലും "ബുക്കഫെ" എന്ന പേരിൽ അത്തരം ഒരു സംരംഭം തുടങ്ങിയിട്ടുണ്ട്. അതിനാൽ റൈറ്റർസ് കഫേ എങ്ങനെ ഇരിക്കുന്നു എന്ന് കാണുക മാത്രം ആയിരുന്നു എന്റെ ലക്‌ഷ്യം.

ഗൂഗിൾ മാപ് നോക്കി ഏകദേശം ഒരു കിലോമീറ്ററോളം നടന്നപ്പോൾ, റോയപ്പേട്ടയിലെ "weak elephant stone" ഫ്‌ളൈഓവറിനു അടുത്തു ഹിഗ്ഗിൻ ബോത്തംസിന്റെ വലിയ ബോർഡ് കണ്ടു. അതിനു കീഴെ ആയി  റൈറ്റർസ് കഫേ എന്ന് ബ്രൗൺ കളറിൽ ഒരു ബോർഡും. അതിന്റെ സൈഡിലൂടെ ഉള്ള വഴിയിലൂടെ നടന്നു കേറുന്നത് കഫേയിലേക്കാണ്. അകത്തു കേറിയതും കലപില ചിലക്കൽ. നോക്കിയപ്പോൾ കഫേ ആൾക്കാരെ കൊണ്ട് തിങ്ങി. നിറഞ്ഞിരിക്കുകയാണ്. അവർക്കിടയിലൂടെ ഓടിപ്പാഞ്ഞു നടക്കുന്ന തൊപ്പിക്കാർ. കടന്നു ചെന്നാൽ ഇടതു ഭാഗത്തു തന്നെ കുറച്ച് പുസ്തകങ്ങൾ വെച്ചിട്ടുണ്ട്. അതിനടുത്ത് നിന്നിരുന്ന ഒരു തൊപ്പിക്കാരൻ ഞങ്ങൾക്ക് നേരെ മെനു കാർഡ് നീട്ടി. പക്ഷെ എന്റെ ശ്രദ്ധ അതിൽ ഒന്നും ആയിരുന്നില്ല. പുസ്തകങ്ങൾ എവിടെ ആണ് വെച്ചിരിക്കുന്നത് എന്ന് അറിയാൻ ഉള്ള തത്രപ്പാടിൽ ആയിരുന്നു ഞാൻ. മാത്രമല്ല, സിനമക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നതിനാൽ അധികം നേരം കഫേയിൽ ചിലവഴിക്കാൻ ആകുമായിരുന്നില്ല. ഒന്നും കഴിക്കാൻ അല്ല, ബുക്ക് ഷോപ് സന്ദർശിക്കാൻ ആണ് വന്നത് എന്ന് പറഞ്ഞപ്പോൾ തൊപ്പിക്കാരൻ മുകളിലേക്കുള്ള വഴി കാണിച്ചു തന്നു. ഗോവണിയുടെ വളവിലെ ചുവരിലും പുസ്തകങ്ങൾ വെച്ചിരുന്നു. ഹിഗ്ഗിൻബോതംസിൽ സാധാരണ ബുക്ക് ഷോപ്പുകളിൽ കാണാത്ത പുസ്തകങ്ങൾ എല്ലാം ഉണ്ടാകും. മിക്കതും എളുപ്പം ലഭ്യമല്ലാത്ത ക്ലാസ്സിക്കുകളും കോഫി ടേബിൾ പുസ്തകങ്ങളും.

മുകളിലെ നിലയിലും താഴത്തെ നിലയിലെ അതേ അവസ്ഥ. എല്ലാ ടേബിളുകളും ആൾക്കാരെ കൊണ്ട് നിറഞ്ഞിരിക്കുന്നു. വായിൽ കൊതിയൂറുന്ന തരം ഭക്ഷണം. പക്ഷെ അപ്പോഴും എന്റെ ലക്‌ഷ്യം ബുക്ക് ഷോപ് തന്നെ ആയിരുന്നു. പ്രതീക്ഷിച്ചതു പോലെ, ഓസ്‌ഫോർഡ് കഫേയിലെ പോലെ തന്നെ, ബുക്ക് ഷോപ്പിൽ തിരക്കില്ല. വെറും നാല് പേർ  മാത്രം. സമാധാനം എന്നാണ് ഞാൻ മനസ്സിൽ കരുതിയത്.

ഓടിനടന്നു പുസ്തകങ്ങൾ എല്ലാം എടുത്തു നോക്കി. എല്ലാം ഒരു ചാക്കിൽ കൂട്ടിയിട്ടു വീട്ടിൽ കൊണ്ട് പോകണം എന്ന തോന്നൽ മാത്രം (ഒരിക്കൽ ഞാൻ അങ്ങനെ ചെയ്തിട്ടുണ്ട്. ആ കഥ പിന്നെ പറയാം). പക്ഷെ അങ്ങനെയങ്ങു പെട്ടെന്ന് ഒരു പുസ്തകം വാങ്ങികൊണ്ടു പോകുന്ന ശീലം ഇല്ല. എല്ലാ പുസ്തകവും വാങ്ങിക്കാൻ തോന്നിയാലും, അവസാനം ഒന്നോ രണ്ടോ എണ്ണം മാത്രം വാങ്ങി പോവുക എന്നതാണ് എന്റെ ശീലം. പെട്ടെന്നാണ് ലിറ്റിൽ പ്രിൻസ് എന്ന പുസ്തകം എന്റെ കണ്ണിൽ പെട്ടത്.  ഏകദേശം ഒരു കൊല്ലം മുൻപ് എന്റെ ഒരു സുഹൃത്ത് എനിക്ക് അതിന്റെ PDF പതിപ്പ് അയച്ചു തന്നിരുന്നു. എന്നാൽ പണ്ടു മുതൽ ഇ-റീഡിങ്ങിനോട് താല്പര്യം ഇല്ല. ഇപ്പോൾ അത് പുസ്തക രൂപത്തിൽ ഇരിക്കുന്നത് കണ്ടപ്പോൾ വാങ്ങാതെ പോകാൻ തോന്നിയില്ല. വേറെ എവിടെയും ഞാൻ ആ പുസ്തകം കണ്ടിട്ടില്ലാരുന്നു.

സമയം ഇല്ല എന്ന് അറിഞ്ഞിട്ടും അവിടെ നിന്ന് എളുപ്പം പോരാൻ തോന്നുന്നുണ്ടാരുന്നില്ല. അവസാനം മനസ്സിനെ പറഞ്ഞു പരുവപ്പെടുത്തി ഇറങ്ങാൻ നിൽക്കുമ്പോഴാണ് സുന്ദരിയായ, അമ്പതു വയസ്സ് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ എന്റെ കൂട്ടുകാരിയോട് എന്തോ സംസാരിക്കുന്നത് കണ്ടത്. അവൾ എന്തോ പിന്നെ വരം എന്നൊക്കെ പറയുന്നത് കണ്ടു. എന്ത് കൊണ്ട് ഇത് വരെ ഓർഡർ ഒന്നും ചെയ്തില്ല എന്നായിരുന്നു ആ സ്ത്രീയ്ക്ക് അറിയേണ്ടിയിരുന്നത്. തൊപ്പിക്കാർ ഞങ്ങളെ വിട്ടുപോയോ എന്നായിരുന്നു അവർട്ട് ആശങ്ക. ബുക്ക് ഷോപ് ലക്‌ഷ്യം വെച്ചാണ് വന്നതെന്നും കഴിക്കാൻ പിന്നീട് വരാം എന്ന് പറയാൻ ഞാൻ മുതിർന്നപ്പോഴേക്കും എന്റെ കൂട്ടുകാരി എന്തേലും ഓർഡർ ചെയ്യാം എന്നായി. സത്യത്തിൽ രണ്ടു പേർക്കും നല്ല വിശപ്പുണ്ടായിരുന്നു.

താഴെ ചെന്ന് ഓർഡർ കൊടുക്കാൻ നിക്കുമ്പോഴാണ് ആ സ്ത്രീ ആണ് ഈ കഫെയുടെ നടത്തിപ്പുകാരി എന്ന് മനസ്സിലായത്. അവരും ഓർഡർ എടുക്കാൻ ഓടി നടക്കുകയായിരുന്നു. പക്ഷെ കണ്ടാൽ അവിടെ കഴിക്കാൻ വന്ന ആരോ ആണെന്നെ പറയു. ഞാൻ അത് അവരോട് പറയുകയും ചെയ്തു. കയ്യിൽ ഓർഡർ എടുക്കാൻ ഉള്ള പുസ്തകം കണ്ടിട്ടും തിരിച്ചറിഞ്ഞില്ല എന്നു അവർ അത്ഭുതത്തോടെ ചോദിച്ചു. പുസ്തകത്തിൽ തട്ടി തടഞ്ഞു നടന്നിരുന്ന എനിക്ക് അവരുടെ കയ്യിലെ പുസ്തകം ശ്രദ്ധിക്കാൻ പറ്റിയില്ല.

ഞങ്ങൾ ഓർഡർ ചെയ്തു. ഒരു സൗഹൃദ സംഭാഷണം കിക്ക്‌ ഓഫ് ചെയ്യാനായി അവരാണോ ഈ കഫേ നടത്തുന്നത് എന്നും എത്ര നാളായി തുടങ്ങിയിട്ട് എന്നും ഞാൻ ചോദിച്ചു. മൂന്നു മാസമേ ആയിട്ടുള്ളുവത്രേ. വെറുതെ അല്ല ഞാൻ അറിയാതെ പോയത്. ഒന്ന് കൂടി അവർ കൂട്ടിച്ചേർത്തു. ആ കഫെയിൽ ഉള്ള വിഭവങ്ങളെല്ലാം burn victims ഉണ്ടാക്കിയതാണത്രേ. സത്യത്തിൽ ഒരു നിമിഷം എന്ത് പറയണം എന്ന് എനിക്ക് അറിയാതെ പോയി. കുറച്ചു നേരം അവരെ തന്നെ നോക്കി നിന്നു. പിന്നെ എങ്ങനെയോ ഞാൻ പറഞ്ഞൊപ്പിച്ചു - "I want to talk with you regarding this". ഓർഡർ പാർസൽ ചെയ്തു വാങ്ങിച്ചു പോകുമ്പോഴും ഞാൻ അവരോട് പറഞ്ഞ കാര്യം ഇത് മാത്രം ആയിരുന്നു.

മദ്രാസിന്റെ ചരിത്രവും വർത്തമാനവും  തേടി നടന്ന ഞാൻ എങ്ങനെ ഈ സ്ഥലത്തെ പറ്റി അറിയാതെ പോയി എന്ന് മനസ്സിലാകുന്നില്ല. അവിടെ നിന്ന് ഞാൻ ഇറങ്ങിയതും ഞാൻ എന്റെ കൂട്ടുകാരിയോട് പറഞ്ഞത് അവിടെ വോളന്റീർ ചെയ്യാൻ അവസരം ലഭിക്കുമോ എന്ന് ചോദിച്ചലോ എന്നായിരുന്നു. ഒരു കഫേയിൽ ജോലി ചെയ്യണം എന്നത് എന്റെ ഏറ്റവും വല്യ ആഗ്രഹം ആയിരുന്നു. പക്ഷെ അതിലുപരി ആ കഫേയുടെ പിന്നിലെ കഥ അറിഞ്ഞപ്പോൾ, അവരുടെ ആ പ്രയത്നത്തിൽ പങ്കു ചേരണം എന്ന് മാത്രമേ എനിക്കുണ്ടായുള്ളു. ആ കഫേ മുഴുവൻ പണച്ചാക്കുകൾ ആയിരുന്നു. ആ കുട്ടികൾക്ക് പണത്തിന്റെ വിലയോ വിയർപ്പിന്റെ ഗന്ധമോ അറിയാമോ എന്തോ. പക്ഷെ അവർ വായിൽ വെക്കുന്ന ഒരു തരി ഭക്ഷണത്തിലും ഒരുപാട് സ്വപ്‌നങ്ങൾ ഉണ്ട്. സംഭവിച്ചത് എന്തോ ആകട്ടെ, ജീവിതം ഇനിയും ബാക്കി കിടക്കുന്നു, അത് അഭിമാനത്തോടെ ജീവിക്കണം ഏന് ശക്തമായി ആഗ്രഹിക്കുന്ന, ആ ആഗ്രഹത്തിനും സ്വപ്ങ്ങൾക്കും ചിറകു നൽകുന്ന ഒരു കൂട്ടം ആൾക്കാരുടെ  പ്രയത്നഫലവും ആണ് റൈറ്റർസ് കഫേ.  

No comments:

Post a Comment